കൊട്ടാരക്കര ഐ.ടി പാർക്ക് അതിവേഗം, നിർമ്മാണ കരാർ ഊരാളുങ്കലിന്
കൊട്ടാരക്കരയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന ഐ.ടി പാര്‍ക്കിന്റെ നിര്‍മ്മാണ ചുമതലയിലേയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ തെരഞ്ഞെടുത്തു. രണ്ട് ഘട്ടമായി നടന്ന ടെന്‍ഡര്‍ നടപടികളുടെ ഭാഗമായാണ് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മാണ കരാറിന് അര്‍ഹത നേടിയത്. രണ്ടാം ഘട്ട റീ-ടെണ്ടറില്‍ രണ്ട് സ്ഥാപനങ്ങളാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ മാനദണ്ഡ പ്രകാരം ഊരാളുങ്കല്‍ സൊസൈറ്റി സമര്‍പ്പിച്ച 79.47 കോടി രൂപയുടെ ടെണ്ടര്‍ അംഗീകരിക്കുകയായിരുന്നു.
സൊസൈറ്റിയ്ക്ക് നിര്‍മ്മാണ ജോലി കൈമാറുന്നതിന് പദ്ധതി നിര്‍വഹണ ഏജന്‍സിയായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ സംസ്ഥാന ഐ.ടി വകുപ്പിനെ സമീപിച്ചു. ഇനി പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ ഉടന്‍ ആരംഭിക്കാനാകും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കൊട്ടാരക്കര ഐ.ടി പാര്‍ക്ക് ഏതാണ്ട് ഒരു ഏക്കര്‍ ഭൂമിയില്‍ എട്ട് നിലകളിലായി 1.47 ലക്ഷം ചതുരശ്രയടിയിലാണ് നിര്‍മ്മിക്കുന്നത്. ഒരു അത്യാധുനിക ഐ.ടി പാർക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കെട്ടിട സമുച്ചയത്തിൽ ഒരുക്കും. 1200 അധികം പേർക്ക് തൊഴിലെടുക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് ഐടി പാർക്കിൽ ഉണ്ടാവുക.
സ്റ്റീൽ സ്ട്രക്ച്ചറുകളിൽ ഭിത്തിയായി ഇ.പി.എസ് പാനലിങ് ഉപയോഗിക്കുന്ന നിര്‍മ്മാണരീതിയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇത് കെട്ടിടത്തിനുള്ളിലെ ചൂട് നിയന്ത്രണത്തിന് സഹായിക്കും. വൈദ്യുതി ഉപയോഗവും കുറയ്ക്കും. ആധുനിക കെട്ടിട നിർമ്മിതിയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ ഐ.ടി പാർക്ക് നിർമാണത്തിന് പ്രയോജനപ്പെടുത്തും.
രണ്ടു നിലകൾ വാഹന പാർക്കിങ്ങിനായി നീക്കിവയ്ക്കും. 120 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. ആറ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് യൂണിറ്റുകളുമുണ്ടാകും. ഭാവിയിലെ വികസന സാധ്യതകളെ കണ്ടുകൊണ്ടുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ക്യാമ്പസിനുള്ളിൽ ഉണ്ടാകും. ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
രണ്ടാംനിര നഗരങ്ങളിലെ ശ്രദ്ധേയമായ ഐ.ടി കേന്ദ്രമായി കൊട്ടാരക്കര വളരുകയാണ്. നിലവിൽ 250 പേർക്ക് ഐ.ടി തൊഴിൽ അവസരം ഉറപ്പാക്കിയ സോഹോയുടെ റസിഡൻഷ്യൽ ഐ.ടി പാർക്ക് കൊട്ടാരക്കര നെടുവത്തൂരിൽ പ്രവർത്തനം തുടങ്ങി. ലോകോത്തര ഐ.ടി കമ്പനിയാണ് സോഹോ. ഐ.ടി – ഐ.ടി സേവനാധിഷ്ഠിത ജോലികൾ ലഭ്യമാക്കുന്ന വർക്ക് നിയർ ഹോം സെന്റർ കൊട്ടാരക്കരയിൽ പ്രവർത്തനം തുടങ്ങി. സർക്കാർ ഉടമസ്ഥതയിലുള്ള ഈ ഐ.ടി സെന്ററിൽ 150 –ലേറെ പേർക്ക് തൊഴിലെടുക്കാൻ കഴിയും. സോഹോയുടെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സെന്റർ കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി ക്യാമ്പസിൽ പ്രവർത്തിക്കുന്നു. ഇവിടെ 40 സീറ്റുകളാണുള്ളത്. സെന്ററില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സോഹോ കോര്‍പ്പറേഷനിലടക്കം ജോലിയും ലഭിക്കുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി രൂപം നൽകിയിട്ടുള്ള വിഴിഞ്ഞം - കൊല്ലം - പുനലൂർ വളർച്ചാ മുനമ്പിന്റെ ഭാഗമായ വിവിധ ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിൽ എത്തുമ്പോൾ കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും ഒരു പ്രധാന ഐ.ടി ഹബ്ബായി വികസിക്കും. അതിന് ശക്തിയേകുന്ന പ്രധാനപ്പെട്ടൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് കൊട്ടാരക്കര നഗരത്തിലെ രവി നഗറില്‍ തുടക്കമാകുന്നത്.