ഷിഗല്ല രോഗപ്രതിരോധം: കൊട്ടാരക്കരയിൽ ഹോട്ടലുകളിലും ബേക്കറി ബോർമകളിലും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു.
കൊട്ടാരക്കര ഷിഗല്ല രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ ആരോഗ്യ-ശുചിത്വം ഉറപ്പുവരുത്തുന്നതിനായി കൊട്ടാരക്കര നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളുടെ ബോർമകളിലും (അടുക്കളകളിൽ) മിന്നൽ പരിശോധന നടത്തി. ഇന്ന് (17/06/2026) രാവിലെ മുതൽ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി 8 പ്രമുഖ സ്ഥാപനങ്ങളിലാണ് ആരോഗ്യവിഭാഗം സ്ക്വാഡ് കർശന പരിശോധന നടത്തിയത്.
പരിശോധനയിൽ പല ഹോട്ടലുകളും ബേക്കറികളുടെ ബോർമകളും അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ബേക്കറി പലഹാരങ്ങൾ നിർമ്മിക്കുന്ന ബോർമകളും അടുക്കളകളും അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൈകാര്യം ചെയ്തിരുന്നത്. മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്തതും പഴകിയതുമായ ആഹാരസാധനങ്ങളും, കൂടാതെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. ശുചിത്വമില്ലായ്മ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശനമായ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ ആർ. പിള്ള, അനു പി., ഷാനു പി.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും നഗരസഭാ പരിധിയിലെ മുഴുവൻ ഹോട്ടലുകളിലും, ബേക്കറി ബോർമകളിലും, തട്ടുകടകളിലും പരിശോധന ശക്തമായി തുടരുമെന്നും, പൊതുജനാരോഗ്യം മുൻനിർത്തി ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നഗരസഭ ചെയർ പേഴ്സൺ അനിത ഗോപകുമാർ അറിയിച്ചു.
>