കൊട്ടാരക്കരയിൽ നഗരസഭയുടെ രാത്രികാല മിന്നൽ പരിശോധന: 16 സ്ഥാപനങ്ങൾക്ക് നോട്ടീസ്; വൻ പ്ലാസ്റ്റിക് ശേഖരം പിടികൂട
കൊട്ടാരക്കര: പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുൻനിർത്തിയും ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായി കൊട്ടാരക്കര നഗരസഭാ പരിധിയിൽ ആരോഗ്യവിഭാഗം രാത്രികാല മിന്നൽ പരിശോധന കർശനമാക്കി. ഹോട്ടലുകൾ, തട്ടുകടകൾ, ചിക്കൻ-മത്സ്യ സ്റ്റാളുകൾ എന്നിവ കേന്ദ്രീകരിച്ച് നഗരസഭ സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ആരോഗ്യവിഭാഗം പ്രത്യേക സ്ക്വാഡ് അടിയന്തിര പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ റെയിൽവേ സ്റ്റേഷൻ പരിസരം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ടി.ബി ജംഗ്ഷൻ, ഗാന്ധിമുക്ക്, തൃക്കണ്ണമംഗലം തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ചില സ്ഥാപനങ്ങളിൽ ഗുണനിലവാരമില്ലാത്തതും ശുദ്ധമല്ലാത്തതുമായ വെള്ളം ഉപയോഗിക്കുന്നതായും, ഇത് ഗുരുതരമായ രോഗപകർച്ചയ്ക്ക് ഇടയാക്കുമെന്നും സ്ക്വാഡ് കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതായും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതായും കണ്ടെത്തിയ 7ഓളം സ്ഥാപനങ്ങൾക്ക് അടിയന്തിരമായി ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിനായി നഗരസഭ നോട്ടീസ് നൽകി.
നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു; 10,000 രൂപ വീതം പിഴ
പരിശോധനയിൽ പരിസ്ഥിതിക്ക് കടുത്ത ആഘാതമുണ്ടാക്കുന്നതും നിയമവിരുദ്ധവുമായ വൻതോതിലുള്ള നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ 5 പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സ്ക്വാഡ് പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങളിൽ നിന്നായി ആകെ 71.5 കിലോയോളം നിരോധിത പ്ലാസ്റ്റിക് ആണ് ആരോഗ്യവിഭാഗം കണ്ടെടുത്തത്. ഗുരുതരമായ ചട്ടലംഘനം വരുത്തിയ ഈ 5 സ്ഥാപനങ്ങൾക്കും 10,000 രൂപ വീതം പിഴ ചുമത്തിക്കൊണ്ട് നഗരസഭ നോട്ടീസ് നൽകി.
നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ (PHI) ശ്രീ. ബെനിൻ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് രാത്രികാല പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സ്ക്വാഡ് ടീമിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാനുPS,അനി ബി., ഷെറിൻ .Sഎന്നിവർ പങ്കെടുത്തു.
മഴക്കാലത്തെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും നഗരത്തെ പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമായി നിലനിർത്തുന്നതിനുമായി വരും ദിവസങ്ങളിലും തട്ടുകടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും രാത്രികാല സ്ക്വാഡ് പരിശോധനകൾ കൂടുതൽ കർശനമായി തുടരുമെന്ന് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. അനിത ഗോപകുമാർ അറിയിച്ചു. ലൈസൻസ് നിബന്ധനകളും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.