വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026; കൊട്ടാരക്കരയിൽ സൗഹൃദ ഫുട്ബോൾ മത്സരം



കൊട്ടാരക്കര: ഫിഫ വേൾഡ് കപ്പ് 2026-ന്റെ പ്രചരണത്തിന്റെയും ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെയും ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന "വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026" ക്യാമ്പയിന്റെ ഭാഗമായി കൊട്ടാരക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
"ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക" എന്ന സന്ദേശമുയർത്തി ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മത്സരം നടന്നത്. 
ബ്രസീലും പോർച്ചുഗലും എന്നിങ്ങനെ രണ്ട് ടീമുകളായി ജേഴ്സിയണിഞ്ഞ വിദ്യാർത്ഥികൾ ഫിഫ ലോകകപ്പ് ഫൈനലിന്റെ മാതൃകയിൽ ഏറ്റുമുട്ടി. ആവേശകരവും വാശിയേറിയതുമായ മത്സരത്തിൽ പോർച്ചുഗൽ ടീം 1 - O എന്ന സ്കോറിന് ബ്രസീലിനെ പരാജയപ്പെടുത്തി വിജയികളായി.
ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണവും കായികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ലഹരിവിരുദ്ധ സന്ദേശവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരത്തിന്റെ ഉദ്ഘാടനം കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി അനിത ഗോപകുമാർ നിർവഹിച്ചു. വിദ്യാലയത്തിലെ സ്കിൽ ടു വെഞ്ച്വർ 3D ലാബിൽ നിർമ്മിച്ച 2026 ഫുഡ്ബോൾ വേൾഡ് കപ്പ് മാതൃകയാണ് വിജയികൾക്ക് ലഭിക്കുന്നത്.  വിജയികൾക്കുള്ള സമ്മാനദാനം കൊട്ടാരക്കര സബ് ഇൻസ്‌പെക്ടർ ശ്രീ. രജിത്  നിർവഹിച്ചു.
ചടങ്ങിൽ വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. ഷൈജിത്ത് ബി.ടി., സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു, പി.ടി.എ. പ്രസിഡന്റ് ശ്രീ. ലിനു, PTA പ്രതിനിധി ശ്രീ. സജി ചേരൂർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ. സിബി മാത്യു എന്നിവർ സംസാരിച്ചു. അധ്യാപകരായ അശോകൻ C, രാജീവ്ബോസ്, രാജേഷ്കുമാർ, പ്രദീപ് കെ.എസ്., നബീൽ, രാജേഷ്, ഷാഫിഷെരീഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി