കൊല്ലം:
ശ്രീ നാരായണ പോളിടെക്‌നിക് കോളേജ് വീണ്ടുമൊരു ചരിത്രം കുറിച്ചിരിക്കുകയാണ്! കണ്ണൂരിൽ വച്ച് കഴിഞ്ഞ നാല് ദിവസങ്ങളിലായി മൂവായിരത്തോളം പ്രതിഭകൾ മറ്റുരച്ച സംസ്ഥാന ഇന്റർപോളി കലോത്സവത്തിൽ, ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോയിന്റായ 334 റെക്കോർഡുകൾ ഭേദിച്ച് ശ്രീനാരായണ പോളിടെക്നിക് കോളേജ് വീണ്ടും ജേതാക്കളായിരിക്കുന്നു!
ഈ ഉജ്ജ്വല വിജയത്തോടെ കലോത്സവ കിരീടത്തിൽ തുടർച്ചയായ മൂന്നാം വർഷവും മുത്തമിട്ട് 'ഹാട്രിക് തിളക്കത്തിലാണ്' എസ്.എൻ. പോളി!
സാങ്കേതികവിദ്യയുടെ ലോകത്ത് മാത്രമല്ല, കലയുടെയും സർഗ്ഗാത്മകതയുടെയും വേദിയിലും ശ്രീ നാരായണ പോളിടെക്‌നിക് കോളേജ് മുന്നിൽ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മാപ്പിള കലകളുടെയും നാടകത്തിന്റെയും ഈറ്റില്ലമായ കണ്ണൂരിന്റെ മണ്ണിൽ, സംസ്ഥാനത്തെ മറ്റ് 114 പോളിടെക്നിക്കുകളോട് കടുത്ത മത്സരം നേരിട്ടാണ് കൊല്ലത്തിന്റെ പോരാട്ടവീര്യവുമായി ഈ കിരീടം സ്വന്തമാക്കിയത്.
പകൽ മുഴുവൻ ക്ലാസ് മുറികളിലും ലാബുകളിലും, ഇന്റേൺഷിപ്പിലും പ്രയത്നിച്ചിട്ടും, രാത്രികളിലെ നീണ്ട റിഹേഴ്സൽ ക്യാമ്പുകളിൽ വിയർപ്പൊഴുക്കാൻ വിദ്യാർത്ഥികൾ കാണിച്ച ആവേശം ഒന്നുമാത്രം കൊണ്ടാണ് ഈ കിരീടം വീണ്ടും ക്യാമ്പസിലേക്ക് എത്തിയത്. തോൽക്കാൻ മനസ്സില്ലാത്ത കഠിനാധ്വാനവും, കലയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ഈ ചരിത്ര വിജയത്തിന്റെ യഥാർത്ഥ ഊർജ്ജം.
വിദ്യാർത്ഥികളെ ചേർത്തുനിർത്തി അവർക്കൊപ്പം നിന്ന ജീവനക്കാരുടെയും, രക്ഷകർത്താക്കളുടെയും പിന്തുണയും പ്രോത്സാഹനവും ഒപ്പം ചേർന്നപ്പോൾ, ഒരുമയുള്ള ഒരു വലിയ കുടുംബമായി മാറി.., സാങ്കേതികവിദ്യയോടൊപ്പം കലയെയും നെഞ്ചേറ്റുന്ന പുതിയ കാലത്തിന്റെ പ്രതിഭകളാണ് ശ്രീ നാരായണ പോളിടെക്‌നിക്ക് കോളേജിലെ വിദ്യാർത്ഥികൾ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..
VarthaMalayalam