*കൊട്ടാരക്കര താലൂക്ക് ആശുപത്രി ജനറൽ ബ്ലോക്കുകളുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കും: മന്ത്രി കെ എൻ ബാലഗോപാൽ*
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ജനറൽ ബ്ലോക്കുകളുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ബ്ലഡ് കമ്പോണൻ്റ് സെപ്പറേഷൻ യൂണിറ്റ്, പോളി ഡെന്റൽ ക്ലിനിക് എന്നിവയുടെ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ 90 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയത്. കാരുണ്യ പ്രവർത്തനങ്ങൾക്കായി മുൻ വർഷങ്ങളേക്കാൾ 50 ശതമാനം അധിക തുക ഈ വർഷം ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ശാസ്താംകോട്ട - കൊട്ടാരക്കര റോഡ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റുകളുടെ നിർമ്മാണത്തിന് ബ്ലഡ് കമ്പോണൻ്റ് സെപ്പറേഷൻ യൂണിറ്റിന് സിഎസ്ആർ ഫണ്ട് നൽകിയ കെഎസ്എഫ്ഇ, ഐഡിബിഐ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു.
ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻഡിൽ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പോളി ഡെന്റൽ ക്ലിനിക്ക് നിർമ്മിച്ചത്. കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ബ്ലഡ് കോംപോണന്റ്റ് സെപറേഷൻ യൂണിറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
നഗരസഭ ചെയർപേഴ്‌സൺ അനിതഗോപകുമാർ അധ്യക്ഷയായി. ഡെപ്യൂട്ടി ചെയർപേഴ്‌സൺ എ.ഷാജു, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.നിബിൻ കൃഷ്‌ണ, കൊട്ടാരക്കര നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ എസ്.ആർ.രമേശ്, ഡി.രാമകൃഷ്‌ണപിള്ള, കൗസിലർ കൃഷ്ണൻകുട്ടി നായർ തുടങ്ങിയവർ പങ്കെടുത്തു.