മന്ത്രിസഭാ തീരുമാനങ്ങൾ 02-03-2026

മന്ത്രിസഭായോഗ തീരുമാനങ്ങൾ (02/03/2026)
-----

▶️ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കും

കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ 25/10/2025 ന് ഉണ്ടായ മണ്ണിടിച്ചിലിൽ നാശനഷ്ടം സംഭവിച്ച എം എൻ സ്മാരക ലക്ഷം വീട് കോളനിയിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സ്ഥലം വാങ്ങി വീടു നിർമ്മിക്കുന്നതിന് വ്യവസ്ഥകൾക്കു വിധേയമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

▶️ പ്രവർത്തനാനുമതി

പതിച്ചു നൽകിയ ഭൂമി ക്വാറിയിങ് പ്രവർത്തനത്തിന് വേണ്ടി ക്രമവൽക്കരിക്കുന്ന സമയത്ത് ചട്ടപ്രകാരമുള്ള ഫീസ് അടച്ചുകൊള്ളാം എന്ന സത്യവാങ്മൂലം ക്വാറി ഉടമകളിൽ നിന്നും വാങ്ങിയും, ക്വാറി ഉടമകളിൽ നിന്നും ചട്ടപ്രകാരം ഈടാക്കേണ്ട ബാങ്ക് ഗ്യാരണ്ടി  വാങ്ങിയും പ്രവർത്തനാനുമതി നൽകാൻ തീരുമാനിച്ചു. 

പതിച്ചു നൽകിയ ഭൂമിയിൽ പ്രവർത്തിച്ചു വരുന്ന ക്വാറികളെ ക്രമവൽക്കരിക്കുന്നതിനുള്ള ചട്ടങ്ങൾ ആയെങ്കിലും ഫീസ് സ്വീകരിക്കുന്ന പോർട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിത്.   ക്വാറി പ്രവർത്തനത്തിന് ആവശ്യമായ മറ്റു എല്ലാ ലൈസൻസുകളും ലഭിച്ചിട്ടുള്ള പക്ഷം, ധനകാര്യവകുപ്പും നിയമ വകുപ്പും അംഗീകരിക്കുന്ന സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിലാണ്  അനുമതി നൽകുക. 

▶️ ഭൂമി പതിച്ച് നല്‍കും

പത്തനംതിട്ട പെരുമ്പെട്ടി വില്ലേജിൽ ബ്ലോക്ക് 34-ൽ വനഭൂമിയല്ല എന്ന് ഉറപ്പുവരുത്തികൊണ്ട്, 649 കൈവശാവകാശകാർക്ക് വരുമാന പരിധി നോക്കാതെ ഭൂമി പതിച്ചു നൽകാൻ തീരുമാനിച്ചു. താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും കൈമാറ്റം.

01.08.1971 മുൻപുള്ള കൈവശക്കാരെയും അത്തരം കൈവശക്കാരിൽ നിന്നും മുദ്രപത്രത്തിലുളള കരാർ പ്രകാരം ഭൂമി കൈമാറ്റം ചെയ്ത് കിട്ടിയതും പ്രസ്തുത ഭൂമി കൃഷി ചെയ്യോ, വീട് വെച്ചോ കൈവശം വെച്ച് വരുന്നവര്‍ക്കും പട്ടയം നൽകും.

2014 ന് മുൻപ് കുടിയേറി വീട് വെച്ചോ കൃഷി ചെയ്യോ കൈവശം വെച്ചു വരുന്നവർക്കും മറ്റെങ്ങും ഭൂമി ഇല്ലാത്തവര്‍ക്കും പട്ടയം ലഭിക്കും.

2.5 ലക്ഷത്തിൽ കൂടുതൽ കുടുംബ വാർഷിക വരുമാനം ഉള്ളവര്‍ക്ക് സൗജന്യപതിവിന് അർഹതയില്ല. ഇവർക്ക് മറ്റ് ഭൂമി ഇല്ലെങ്കിൽ സർക്കാരിൻ്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കൈവശഭൂമി പതിച്ച് നൽകും.

*കാഷ്വൽ/താല്ക്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തല്‍; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ  അംഗീകരിച്ചു*

കാഷ്വൽ/താല്ക്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട കോടതി കേസുകൾ പരമാവധി ഒഴിവാക്കുന്നതിനായുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അംഗീക്കാന്‍ തീരുമാനിച്ചു.
25/11/2005 നോ അതിന് മുമ്പോ നിലവിലുള്ള ഓഫീസുകളില്‍ 25/11/2005 നും അതിന് ശേഷവും പിന്നീട് തുടര്‍ച്ചയായും സേവനത്തില്‍ ഉണ്ടായിരുന്ന കാഷ്വല്‍/താല്ക്കാലിക സ്വീപ്പര്‍മാരെ പ്രസ്തുത ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി 100 ച. മീ. എങ്കിലും സ്വീപ്പിംഗ് ഏരിയ ഉണ്ടാകുകയാണെങ്കിൽ പാര്‍ട്ട് ടൈം സ്വീപ്പറായി സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു. ഇപ്രകാരം സ്ഥിരപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന തീയ്യതി മുതല്‍ പ്രാബല്യം അനുവദിക്കും. 25/11/2005 ലെയും പിന്നീട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള സ്വീപ്പിങ്ങ് ഏരിയ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഈ ആവശ്യത്തിനായി പരിഗണിക്കുകയുള്ളൂ. കാഷ്വല്‍/താല്ക്കാലിക സ്വീപ്പര്‍ 25/11/2005 മുതല്‍ തുടര്‍ച്ചയായി സേവനത്തില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധികാരികമായ രേഖകള്‍ ഹാജരാക്കേണ്ടതാണ്.

നിലവില്‍ ജോലി ചെയ്യുന്ന കാഷ്വല്‍ സ്വീപ്പര്‍മാര്‍ക്ക് അതത് ജില്ലകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ഇനി മുതൽ വരുന്ന ഒഴിവിന്റെ 20% തസ്തികകളിലേയ്ക്ക് നിയമനം അനുവദിക്കാന്‍ കഴിയുമോ എന്ന വിഷയം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പുമായി കൂടിയാലോചിച്ച് പ്രത്യേകം തീരുമാനമെടുക്കുന്നതിന് തീരുമാനിച്ചു.

▶️ ബ്രഹ്മോസിന് ഭൂമി പതിച്ചു നല്‍കും

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ കള്ളിക്കാട് വില്ലേജിൽ 180 ഏക്കർ ഭൂമി ബ്രഹ്മോസ് എയിറോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് സൗജന്യമായി പതിച്ചു നൽകും. ഭൂമി അഡ്വാന്‍സ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവു. 

▶️ ട്രീസ ജോളിക്ക്  ചരക്കുസേവന നികുതി വകുപ്പിൽ ജോലി നല്‍കും

2022 ലെ 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി രണ്ട് മെഡലുകൾ നേടിയ കുമാരി ട്രീസ ജോളിക്ക്, സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നല്‍കും. 

▶️ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; 24 പുതിയ തസ്തിക

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി 24 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 11 തസ്തികകള്‍ പുതിയതായി റവന്യൂ വകുപ്പിലും  13 തസ്തികകള്‍ ദിവസവേതനാടിസ്ഥാനലും സൃഷ്ടിക്കും. ഇതിനായി പുതിയ സ്പെഷ്യൽ തഹസിൽദാർ, എൽ.എ. യൂണിറ്റ് ഒരു വർഷത്തേക്ക് രൂപീകരിക്കാനും മന്ത്രിസഭ അനുമതി നല്‍കി.

▶️ സമ്പാദ്യ സമാശ്വാസ പദ്ധതി ആനുകൂല്യം വര്‍ധിപ്പിച്ചു

മത്സ്യതൊഴിലാളികള്‍ക്ക് പഞ്ഞമാസങ്ങളില്‍ അവരുടെ ജീവിത സന്ധാരണത്തിനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ‘സമ്പാദ്യ സമാശ്വാസ പദ്ധതി’ ആനുകൂല്യം 4500 രൂപയിൽ നിന്നും 6000 രൂപയായി ഉയർത്തി.

▶️ കരട് ബില്ലിന് അംഗീകാരം

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വാർഷിക കണക്കുകൾ ഫസലി വര്‍ഷത്തിന് പകരമായി  സാമ്പത്തിക വർഷം അടിസ്ഥാനമാക്കി തയ്യാറാക്കുന്നതിനായി, 1951 ലെ മദ്രാസ് ഹിന്ദുമത ധർമ്മസ്ഥാപന നിയമത്തിലെ വിവിധ സെക്ഷനുകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നൽകാന്‍ തീരുമാനിച്ചു.

▶️ എ എസ് ഇ ഒ സിക്ക് സാങ്കേതിക കൺസൾട്ടന്റ്
 
സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ട്ടര്‍നേറ്റ് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിന്‍റെ (ASEOC) സാങ്കേതിക കൺസൾട്ടന്റായി ടേൺകീ അടിസ്ഥാനത്തിൽ ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ മിനി നവരത്ന കമ്പനിയായ M/s TCIL നെ നിയമിക്കാന്‍ തീരുമാനിച്ചു. ഏജൻസിയുടെ തിരഞ്ഞെടുപ്പും പ്രോജക്റ്റ് പൂർത്തിയാകുന്നതുവരെയും അതിന്റെ മൈക്രോ മാനേജ്മെന്റും ഉൾപ്പെടെ, സിംഗിൾ വെണ്ടർ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിലാകും നിയമനം.

▶️ പുനർനിയമനം

എറണാകുളം ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ ആയി മനോജ് ജി. കൃഷ്ണനെ പുനർനിയമിക്കാന്‍ തീരുമാനിച്ചു.

▶️ തസ്തിക

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ  9 പുതിയ തസ്തികകൾ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് (പീഡിയാട്രിക്സ്), അഞ്ച് നേഴ്സിങ്ങ് ഓഫീസര്‍ ഗ്രേഡ് - 2, ഒരു നേഴ്സിങ്ങ് അസിസ്റ്റന്‍റ്, രണ്ട് ഹോസ്പിറ്റല്‍ അറ്റന്‍റ്ന്‍റ് ഗ്രേഡ് - 2 എന്നീ തസ്തികകളാണ് സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. 

മലബാര്‍ ദേവസ്വം ബോർഡില്‍ പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ക്ലാർ ക്ക് - 26, ടൈപ്പിസ്റ്റ് - 8, ഓഫീസ് അറ്റൻ്റൻ്റ്/വാച്ച്‌മാൻ - 27, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് - 4, ഗോൾഡ്സ്മിത്ത് - 1 എന്നിങ്ങനെ ആകെ 66 തസ്തികകളാണ് സൃഷ്ടിക്കുക.

▶️ ശമ്പള പരിഷ്ക്കരണം

മലബാർ സിമന്റ്റ്സ് ലിമിറ്റഡിലെ നോൺ മാനേജീരിയൽ ജീവനക്കാരുടെ 01.04.2022 മുതലുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് അംഗീകാരം നല്‍കും.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡിലെ വർക്കർ, ഓഫീസർ, ടോപ് ലെവൽ എക്സ‌ിക്യൂട്ടീവ് എന്നീ വിഭാഗം ജീവനക്കാരുടെ ശമ്പളവും അലവൻസുകളും 01/08/2022 മുതൽ പ്രാബല്യത്തിൽ പരിഷ്കരിക്കുന്നതിന് അനുമതി നല്‍കി.

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാർക്ക്   11-ാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ, അനുവദിച്ച് നല്‍കാന്‍ തീരുമാനിച്ചു.

ഇൻഫർമേഷൻ കേരള മിഷൻ സൊസൈറ്റിയിലെ (ഐകെഎം) ജീവനക്കാർക്ക്, 2022 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ശമ്പള പരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

▶️ കാലാവധി ദീര്‍ഘിപ്പിച്ചു

മലബാർ ഇന്റർനാഷണൽ പോർട്ട് & സെസ്സ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എൽ.രാധാകൃഷ്ണൻ ഐ.എ.എസ് (റിട്ട.) -ന്റെ കരാർ സേവന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകും.

▶️ അധിക തുക അനുവദിക്കും

PMGSY III പദ്ധതി പ്രകാരം അനുവദിച്ച പാക്കേജ് നമ്പർ. KR-03-102 (B), പാക്കേജ് നമ്പർ. KR-03-112 (B), പാക്കേജ് നമ്പർ.KR-07-70 (B), പാക്കേജ് നമ്പർ. KR-14-37(B) എന്നീ പാലങ്ങളുടെ നിർമ്മാണത്തിൻ്റെയും, പാക്കേജ് നമ്പർ KR 02-51 റോഡ് പ്രവൃത്തിയുടെയും ടെൻഡറിലെ അധിക തുക  സ്റ്റേറ്റ് അഡീഷണൽ സപ്പോർട്ടിൽ നിന്നും അനുവദിക്കണമെന്ന കെ.എസ്.ആർ.ആർ.ഡി.എ ചീഫ് എൻജിനീയറുടെ ആവശ്യം അംഗീകരിക്കാൻ തീരുമാനിച്ചു.

▶️ തത്വത്തില്‍ അംഗീകാരം

കാവേരി നദീജല തർക്കപരിഹാര ട്രിബ്യൂണലിൻ്റെ ഉത്തരവ് പ്രകാരം തലയാർ സ്കീമിലേക്ക് അനുവദിച്ച  ജലം ഉപയോഗയോഗ്യമാക്കാന്‍ വേണ്ടി പമ്പാര്‍ നദിക്ക് കുറുകെ കോണ്‍ക്രീറ്റ് ഡാം നിര്‍മ്മിക്കാണത്തിനും അനബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു.  

▶️ ടെണ്ടര്‍

പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ ആറിന് കുറുകെ ചിറ്റൂർകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 13,07,20,513 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.