മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ പണികഴിപ്പിച്ച ടൗൺഷിപ്പിന്റെ ഭാഗമായ 178 വീടുകളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൈമാറിയത്.
ആദ്യഘട്ട ഗുണഭോക്താക്കളായ 178 പേർക്ക് അവരുടെ ഭൂമിയുടെ പട്ടയവും നൽകി. ബാക്കി ഗുണഭോക്താക്കൾക്കും, ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീട് കൈമാറും. അവരുടെ വീടുകളുടെ പണിയും അന്തിമഘട്ടത്തിലാണ്.
ഇവിടെ വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, വെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്, ഒരോ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി 2 കെ വി കപ്പാസിറ്റിയുള്ള സോളാർ പവർപ്ലാന്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
അഞ്ച് സോണുകളായി വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിൽ 35 ക്ലസ്റ്ററുകളായിട്ടാണ് വീടുകൾ നിർമ്മിക്കുന്നത്. ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീൻ സ്പേസ് നടുമുറ്റം ഉണ്ട്. ഈ നടുമുറ്റത്തിനു ചുറ്റും അഞ്ചര മീറ്റർ വീതിയുള്ള റോഡും. ആ റോഡിലേക്ക് ഫേസ് ചെയ്തുകൊണ്ടാണ് ഓരോ ക്ലസ്റ്ററിലെയും വീടുകൾ ഉണ്ടാക്കുന്നത്.
എട്ട് മുതൽ ഇരുപത് വരെ വീടുകൾ ഉൾക്കൊള്ളുന്നതാണ് ഓരോ ക്ലസ്റ്ററും. ഏഴ് സെന്റ് ആണ് ഓരോരുത്തരുടെയും വ്യക്തിഗത ഹൗസ് പ്ലോട്ടുകൾ. ഈ വ്യക്തിഗത ഹൗസ് പ്ലോട്ടുകളിൽ ഓരോ ഭൂമിക്കും പ്രത്യേകം പട്ടയം നൽകും.
വീടുകളും പൊതുനിർമ്മിതികളും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു നില കെട്ടിടം ആണെങ്കിലും അതിന്റെ മുകളിലേക്ക് കൂടുതൽ നിലകൾ നിർമ്മിക്കാൻ ഉതകുന്ന തരത്തിലുള്ള നിർമ്മാണമാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച നിർമ്മാണ സാമഗ്രികളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ 13 പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയ വില്ലേജുപരിസരത്ത് 5 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന്റെ പട്ടയവും ചടങ്ങിൽ മുഖ്യമന്ത്രി കൈമാറി.