ഓടാം ഇനി സിന്തറ്റിക്ക് ട്രാക്കിൽ

ജില്ലയിലെ കായികപ്രേമികളുടെ സ്വപ്നമായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്‌ ബുധനാഴ്ച നാടിന്‌ സമർപ്പിക്കും. പകൽ മൂന്നിന്‌ കായികമന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്യും. 

കിഫ്ബിയിൽനിന്ന് 5.65കോടി രൂപ ചെലവഴിച്ച്‌ നിർമിച്ച സിന്തറ്റിക്‌ ട്രാക്‌ തുറക്കുന്നതോടെ സംസ്ഥാന, ദേശീയ മത്സരങ്ങൾ അടക്കമുള്ളവയ്ക്ക് ജില്ല സജ്ജമാകും.നാനൂറ് മീറ്റർ നീളത്തിൽ എട്ട്‌ ലൈനുള്ള ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ഡബിൾ ബൈൻഡ് ട്രാക്കാണ് സ്റ്റേഡിയത്തിൽ ഒരുക്കിയത്. 

ഒളിമ്പ്യൻ സുരേഷ് ബാബു ഇൻ‌ഡോർ സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തി 2023 ജൂണിലാണ് സിന്തറ്റിക് ട്രാക്  നിർമാണം ആരംഭിച്ചത്. 43.65 കോടി രൂപ ചെലവഴിച്ച്‌ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ടെന്നീസ്‌ ചേഞ്ചിങ്‌ റൂമും ബുധനാഴ്ച മന്ത്രി ഉദ്‌ഘാടനംചെയ്യും.കായികതാരങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന സിന്തറ്റിക് ട്രാക്‌ ഇല്ലാത്തത് കായികമേളകളും മത്സരങ്ങളും ജില്ലയിലേക്ക് കൊണ്ടുവരുന്നതിനു തടസ്സമായി. എന്നാൽ, പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാന, ദേശീയ മത്സരങ്ങളും മീറ്റും ഇനി കൊല്ലത്ത്‌ നടത്താം.