കൊട്ടാരക്കര ഐ ടി പാര്‍ക്കിന് നിർമാണോദ്ഘാടനം നിർവഹിച്ചു
കേരളത്തിന്റെ ഐടി കയറ്റുമതി ഒരു ലക്ഷം കോടിയോടടുക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിന്റെ ഐടി കയറ്റുമതി ഒരു ലക്ഷം കോടിയോടടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമാണോദ്ഘാടനം പുലമൺ മാർത്തോമ ജൂബിലി മന്ദിരത്തിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 80 കോടി രൂപാ ചെലവില്‍ ഒരേക്കര്‍ ഭൂമിയിൽ 8 നിലകളിലായി ഒന്നര ലക്ഷം ചതുരശ്രയടിയിൽ ഐടി പാർക്ക് നിർമ്മിക്കും. 1,200 ലധികം പേര്‍ക്ക് തൊഴിലെടുക്കാൻ അവസരമൊരുക്കുന്ന ഐ ടി പാർക്ക് രവി നഗറിലെ കെ ഐ പി ഭൂമിയിലാണ് സ്ഥാപിക്കുന്നത്. ദേശീയപാതാ 66 നു സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍, കൊല്ലത്തും കണ്ണൂരിലും ഐ ടി പാർക്ക് എന്നിവയ്ക്ക് 2022-23 വര്‍ഷത്തെ ബജറ്റില്‍ 1,000 കോടി രൂപ നീക്കിവച്ചു. നഴ്‌സിംഗ് കോളേജ്, സംസ്ഥാനത്തെ ആദ്യത്തെ ഡ്രോണ്‍ പാര്‍ക്ക്, സയന്‍സ് മ്യൂസിയവും പ്ലാനറ്റേറിയവും, മാറ്റി സ്ഥാപിക്കുന്ന സബ് ജയില്‍, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്‌സിറ്റി റീജിയണല്‍ സെന്റര്‍ ഉൾപ്പെടെ കൊട്ടാരക്കര വികസനത്തിന്റെ പാതയിലാണ്. ഐ ടി വ്യവസായം വളരുന്നതിനുള്ള കൊട്ടാരക്കരയിലെ സാധ്യത ഉപയോഗപ്പെടുത്തി കേരളത്തിന്റെയാകെയുള്ള ഐ ടി മുന്നേറ്റം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറി. ഉത്പാദന മേഖലയും സേവനമേഖലയും വന്‍ നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നതിന് മാറ്റം ഉണ്ടാകുകയാണ്. 2050 ഓടെ ലോകത്തെ തൊഴിലുകളില്‍ ഭൂരിഭാഗവും നൂതന സാങ്കേതികവിദ്യാ വ്യവസായവുമായി ബന്ധപ്പെട്ടവയായിരിക്കും. ഇത് മുന്നിൽ കണ്ടാണ് 2021 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നൂതന സാങ്കേതികവിദ്യാ പ്രോത്സാഹന നയം മുന്നോട്ടുവച്ച് സര്‍ക്കാര്‍ - സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആരംഭിച്ചത്. അതിന്റെ ഫലമായി കേരളത്തിൽ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 7,500 ആയി വര്‍ദ്ധിക്കുകയും അനേകം നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ദേശീയപാത, വിമാനത്താവളം,തുറമുഖം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളെല്ലാം കേരളത്തിലെ ഐടി നിക്ഷേപകരുടെ വർദ്ധനവിന് ഘടകങ്ങളാകുന്നു.ഊര്‍ജ്ജലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പവര്‍ഹൈവേ, ട്രാന്‍സ്ഗ്രിഡ് പദ്ധതി, ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി, കെ-ഫോണ്‍, തുടങ്ങിയ പദ്ധതികളുടെ ഗുണഫലങ്ങള്‍ കൊട്ടാരക്കരയിലും ദൃശ്യമാണ്. കൊട്ടാരക്കരയുടെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുന്ന എം സി റോഡ് ബൈപാസ്സ് നിര്‍മ്മാണത്തിന് 110 കോടി രൂപ അനുവദിച്ചു. വികസന പ്രവർത്തനങ്ങൾ എല്ലാം യാഥാർത്ഥ്യമായതിന്റെ പിന്നിൽ സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനം ഓർമ്മിപ്പിക്കപ്പെ ടേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനായി.10 മാസം കൊണ്ട് അതിവേഗത്തിൽ ഐടി പാർക്കിന്റെ നിർമ്മാണം പൂർത്തീകരിക്കും. പതിനഞ്ചര കോടി രൂപയ്ക്ക് കൊട്ടാരക്കര നഗരസഭാ ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി ആദ്യ ബാച്ചിന് പണം നൽകുന്ന നടപടികളിലേക്ക് നീങ്ങുകയാണ്. കൊട്ടാരക്കര കെഎസ്ആർടിസി, സ്വകാര്യ ബസ്റ്റാൻഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും.
കരാർ നടപടികൾ പൂർത്തിയായ കൊട്ടാരക്കര ഗണപതി ക്ഷേത്രം പിൽഗ്രിം സെന്റർ നിർമാണം ഉടൻ ആരംഭിക്കും. കൊട്ടാരക്കര മാർക്കറ്റിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി എഴുകോൺ,കരീപ്ര,വെളിയം ഭാഗങ്ങളിൽ 32 കോടി രൂപയുടെ റോഡ് നിർമ്മാണം ആരംഭിച്ചു. കുളക്കട അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഡ്രോൺ നിർമ്മാണം,പരിശീലനം എന്നിവയ്ക്കാനുള്ള കോഴ്സ് ആരംഭിക്കും. നാടിന്റെ ഭാവിയ്ക്കായുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഐടി പാർക്ക് നിർമ്മിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും മന്ത്രി സന്ദർശിച്ചു.
കെ ഐ ഐ ഡി സി സിഇഒ എസ്.തിലകൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, വൈസ് ചെയർപേഴ്സൺ എ ഷാജു, നഗരസഭ കൗൺസിലർ വി ഫിലിപ്പ്, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, വൈസ് പ്രസിഡന്റ് എസ്.ആർ അരുൺ ബാബു, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി.സരസ്വതി,അഡ്വ. വി.സുമലാൽ, കെ.എസ്‌ഷിജു കുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബിന്ദു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വിദ്യ, ദിവ്യ ചന്ദ്രശേഖർ, പി. പ്രിയ, മനു ബിനോദ്, എസ് രേഖ, കിഫ്ബി സിഇഒ ഡോ കെ.എം എബ്രഹാം ഐഎഎസ്, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ്, ഐടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ്, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക തുടങ്ങിയവർ പങ്കെടുത്തു.