ബസ് ബേ - കൊട്ടാരക്കര മുനിസിപ്പൽ പ്രൈവറ്റ് ബസ്റ്റാൻഡ്.
കൊട്ടാരക്കരയിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത നവീകരിച്ച സ്വകാര്യ ബസ് സ്റ്റാൻഡ് മന്ത്രി കെ.എൻ.ബാലഗോപാൽ സന്ദർശിച്ചപ്പോൾ
കൊട്ടാരക്കരയ്ക്ക് ഇനി 'ഹൈടെക്' സ്വകാര്യ ബസ് സ്റ്റാൻഡ്
കൊട്ടാരക്കര : നാടിൻ്റെ നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ആധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നഗരസഭയുടെയും നാട്ടുകാരുടെയും ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്.
മന്ത്രി കെ.എൻ. ബാലഗോപാലിന്റെ എംഎൽഎ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. അത്യാധുനിക രീതിയിലുള്ള മേൽക്കൂര, യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ, മികച്ച ലൈറ്റിംഗ് എന്നിവയോടെയാണ് സ്റ്റാൻഡ് ഒരുക്കിയിരിക്കുന്നത്. കൊട്ടാരക്കരയുടെ വികസന കുതിപ്പിലെ സുപ്രധാന നാഴികക്കല്ലായി ഈ പദ്ധതി മാറും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഔദ്യോഗികമായ ആഘോഷങ്ങളോ ചടങ്ങുകളോ ഒഴിവാക്കിയിരുന്നു. പകരം, നാട്ടുകാരും യാത്രക്കാരും ചേർന്നുള്ള ഒരു 'ജനകീയ ഉദ്ഘാടനമാണ്' നടന്നത്. കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാൽ സ്റ്റാൻഡ് സന്ദർശിച്ചു. നഗരസഭ ചെയർ പേഴ്സൺ അനിത ഗോപകുമാർ, വിവിധ ഭരണസമിതി അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കണ്ണിന് കുളിർമയേകുന്ന വുഡൻ ഫിനിഷിംഗും കറുത്ത പാനലുകളും ചേർന്ന മേൽക്കൂരയുമുള്ള ആധുനിക രൂപകൽപനയാണ് പുതിയ സ്റ്റാൻഡിൻ്റെ സവിശേഷത. യാത്രക്കാർക്ക് മഴയും വെയിലുമേൽക്കാതെ അപകടഭീതിയില്ലാതെ ബസ് കാത്തുനിൽക്കാൻ വിപുലമായ സൗകര്യം. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സ്റ്റാൻഡിന്റെ പുതിയ ക്രമീകരണം സഹായിക്കും.
പതിറ്റാണ്ടുകളായി ശോച്യാവസ്ഥയിലായിരുന്ന സ്റ്റാൻഡിന്റെ ഈ മാറ്റം നഗരവാസികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. കൊട്ടാരക്കരയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ വികസന നേട്ടത്തെ വലിയ ആവേശത്തോടെയാണ് ജനങ്ങൾ വരവേൽക്കുന്നത്.
#kottarakkara #KNBalagopal #varthamalayalam #arstymedia