നിയമസഭാ തിരഞ്ഞെടുപ്പോടെ സതീശൻ മാത്രമല്ല, കോൺഗ്രസും ബിജെപിയും വനവാസത്തിന് പോകേണ്ടി വരും: ബിനോയ് വിശ്വം
കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാത്രമല്ല, കോൺഗ്രസും ബിജെപിയും രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊട്ടാരക്കരയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കനഗോലുവിന്റെ നിർദ്ദേശപ്രകാരം ആദർശങ്ങൾ പണയപ്പെടുത്തിയ കോൺഗ്രസിന് ഗാന്ധിജിയുടെ വഴികൾ എന്നേ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിന്റെ നിലനിലപ്പിനു വേണ്ടിയുള്ള ഒരു ജീവന്മരണ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. കോൺഗ്രസും ബിജെപിയും സാങ്കേതികമായി വെവ്വേറെയാണെന്ന് അവകാശപ്പെടുമ്പോഴും, പ്രായോഗികമായി അവർ ഒന്നാണെന്നത് കേരളം പണ്ടേ തിരിച്ചറിഞ്ഞതാണ്. ഇപ്പോൾ അന്ധമായ ഇടതുപക്ഷ വിരോധം മൂലം ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറിക്കഴിഞ്ഞു.
ഇടതുപക്ഷത്തിന്റെ പരാജയം രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കും വലിയ തിരിച്ചടിയാകും. കേരളത്തെ സാമ്പത്തിക ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധം തീർത്ത വ്യക്തിയാണ് കെ.എൻ. ബാലഗോപാൽ. കർഷക - വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന അദ്ദേഹം ഇടതുപക്ഷ നിലപാടുകളുടെയും ആദർശങ്ങളുടെയും പ്രതീകമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റ് എ.മന്മഥൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ് മാത്യു, സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ, എസ്.രാജേന്ദ്രൻ, എ.ഷാജു, മുരുഗദാസൻ നായർ, സി.ആർ. രാമവർമ്മ, കെ.ജഗദമ്മ എന്നിവർ പ്രസംഗിച്ചു.