നിറഞ്ഞു കവിഞ്ഞ് അമ്പലക്കര; ആവേശത്തിന് കൊടിയേറ്റി മുഖ്യമന്ത്രി പിണറായി വിജയൻ
കൊട്ടാരക്കര
കൊട്ടാരക്കരയുടെ ഹൃദയതാളം അമ്പലക്കര ഗ്രൗണ്ടിലേക്ക് കേന്ദ്രീകരിച്ച സായാഹ്നത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ ആവേശത്തിൻ്റെ കൊടിയേറ്റം.
മുല്ലക്കര രത്നാകരന്റെ പ്രസംഗം നൽകിയ ആവേശം വിട്ടുമാറും മുൻപേ, കൃത്യം 5.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗ്രൗണ്ടിലേക്ക് എത്തി. സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിൻ്റെ പ്രസംഗം പാരമ്യത്തിൽ നിൽക്കുമ്പോഴാണ് ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് എത്തിയത്. ആ വരവോടെ സദസ്സ് ഒന്നടങ്കം ഇളകിമറിഞ്ഞു. മുദ്രാവാക്യങ്ങൾ കൊണ്ട് മൈതാനം മുഖരിതമായി. പതിഞ്ഞ സ്വരത്തിൽ തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസംഗം പിന്നീട് ഓരോ വാക്കും കൃത്യവും വ്യക്തവുമായി കത്തിക്കയറുന്ന കാഴ്ചയാണ് കണ്ടത്.
ഞങ്ങൾക്ക് ഡീൽ ജനങ്ങളുമായി മാത്രമാണ് എന്ന അദ്ദേഹത്തിന്റെ വാക്കുകൾ നിറഞ്ഞ കൈയ്യടികളോടെയാണ് ആളുകൾ സ്വീകരിച്ചത്. കൊട്ടാരക്കരയിലെ എതിർസ്ഥാനാർത്ഥികളുടെ അവസരവാദ രാഷ്ട്രീയത്തെ നിശിതമായി വിമർശിച്ച അദ്ദേഹം, വികസന തുടർച്ചയ്ക്കായി ബാലഗോപാലിന് വോട്ട് അഭ്യർത്ഥിച്ചു.
തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എ മന്മഥൻ നായർ അധ്യഷനായി. സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ, സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് രാജേന്ദ്രൻ, കെ രാജഗോപാൽ, ജില്ലാ സെക്രട്ടറിയേറ്റംഗംങ്ങളായ ജോർജ് മാത്യു, പി എ ഏബ്രഹാം, ഏരിയ സെക്രട്ടറിമാരായ പി കെ ജോൺസൻ, ജെ രാമാനുജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് ആർ അരുൺ ബാബു, ജി സുന്ദരേശൻ, ബിജു കെ മാത്യു, വി സുമലാൽ, ജനാധിപത്യമഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻകോടി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജഗദമ്മ, മണ്ഡലം സെക്രട്ടറിമാരായ എസ് രഞ്ജിത്, ആർ മുരളീധരൻ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ ഷാജു, കെ പ്രഭാകരൻ നായർ,ജി മുരുകദാസൻനായർ, മാത്യു സാം, സി ആർ രാമവർമ്മ, പി ചന്ദ്രഹാസൻ, ഇരുമ്പനങ്ങാട് ബാബു എന്നിവർ സംസാരിച്ചു.
***