കെ എൻ ബാലഗോപാൽ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു.



കൊട്ടാരക്കരയുടെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യം: കെ.എൻ ബാലഗോപാൽ

കൊട്ടാരക്കര: കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ മേഖലകളിലും വിഭാഗങ്ങളിലും സമഗ്രമായ വികസനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ ബാലഗോപാൽ. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയുടെ വികസനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ, ക്ഷേമപദ്ധതികൾ, തൊഴിലവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും സമാധാനപരമായ ജീവിതവും മതസൗഹാർദ്ദവും നിലനിർത്തുന്നതിനുമാണ് മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കൊട്ടാരക്കരയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, നഴ്സിംഗ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കി. ഏകദേശം 1350 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നിലവിൽ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത്. മികച്ച റോഡുകൾ, സ്കൂളുകൾ, മാർക്കറ്റുകൾ എന്നിവ എല്ലാ ഭാഗങ്ങളിലും സജ്ജമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐടി, ഡ്രോൺ റിസർച്ച് തുടങ്ങിയ സ്വകാര്യ - പൊതുമേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നമ്മുടെ നാട്ടിലെ യുവാക്കൾക്ക് നാട്ടിൽ തന്നെ ജോലി ലഭിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.
പ്രളയം, കോവിഡ്, വയനാട് ദുരന്തം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്രസഹായം ലഭിക്കാത്ത സാഹചര്യത്തിലും സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പം ഉറച്ചു നിന്നു.

ജനക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല. 2000 രൂപ ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതിനും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നൽകിയതും തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ നീക്കിവച്ചതും ഇതിന്റെ ഉദാഹരണങ്ങളാണ്. എൽഡിഎഫ് സർക്കാർ എന്നും ജനങ്ങളുടെ കവചമായി പ്രവർത്തിക്കുമെന്നും കൊട്ടാരക്കരയുടെയും കേരളത്തിന്റെയും ഉന്നമനത്തിനായി എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് മണ്ഡലം പ്രസിഡൻ്റ് എ.മന്മഥൻ നായർ, സെക്രട്ടറി ജോർജ് മാത്യു, എ.ഷാജു എന്നിവരും സംബന്ധിച്ചു.


കെ എൻ ബാലഗോപാൽ പത്രിക സമർപ്പിച്ചു

കൊട്ടാരക്കര : പ്രവർത്തകരുടെ ആവേശം അകമ്പടിയാക്കി കൊട്ടാരക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പകൽ 11 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംക്ഷനിൽ നിന്നും 
 ബഹുജനറാലിയായി മിനി സിവിൽ സ്റ്റേഷനിൽ എത്തി ഉപവരണാധികാരി തഹസിൽദാർ സന്തോഷ് മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.

പത്രിക സമർപ്പണത്തിന് മുന്നോടിയായി  രാവിലെ കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷി മണ്ഡപത്തിൽ കെ.എൻ.ബാലഗോപാൽ പുഷ്പാർച്ചന നടത്തി. പിന്നീട് മണ്ഡലത്തിലെ രക്തസാക്ഷി കുടുംബങ്ങളായ അബ്ദുൽ മജീദ്, തങ്ങൾ കുഞ്ഞ്, കെ.ശ്രീരാജ് എന്നിവരുടെ വസതികളും മുൻ എംഎൽഎ ബി രാഘവൻ്റെ വീടും സന്ദർശിച്ച ശേഷമാണ് അദ്ദേഹം കൊട്ടാരക്കര ഏരിയ കമ്മിറ്റി ഓഫിസിലേക്കെത്തിയത്.

ഇവിടെ നിന്നും ആരംഭിച്ച പ്രകടനത്തിൽ മുതിർന്ന നേതാവ് കെ.ആർ.ചന്ദ്രമോഹൻ, സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജേന്ദ്രൻ, സി പി ഐ സംസ്ഥാന കൗൺസിലംഗം എ.മന്മഥൻ, സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ജോർജ് മാത്യു, പി.എ.എബ്രഹാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ  ജി.സുന്ദരേശൻ, വി.സുമലാൽ, എസ്.ആർ.അരുൺ ബാബു, എം.വിശ്വനാഥൻ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് എ.ഷാജു, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജഗദമ്മ, സിപിഐ എം ഏരിയ സെക്രട്ടറിമാരായ പി.കെ.ജോൺസൺ, ജെ. രാമനുജൻ, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എസ് രഞ്ജിത്ത്, ആർ. മുരളീധരൻ, നേതാക്കളായ സി.മുകേഷ്, എസ്.ആർ.രമേശ്, അനിത ഗോപകുമാർ, മാത്യു സാം, സി.ആർ.രാമവർമ്മ, പി.ചന്ദ്രഹാസൻ, ബാബു ഇരുമ്പനങ്ങാട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.