മുണ്ടക്കൈ ടൗൺഷിപ്പിലെ പട്ടയം കൈമാറിയ 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയുമായി. ഗൃഹപ്രവേശത്തിന് മുന്നോടിയായുള്ള അവസാനഘട്ട ഗുണമേന്മ പരിശോധന പുരോഗമിക്കുകയാണ്. നിലം ഒരുക്കുന്നതുമുതൽ ആരംഭിച്ച 58 ഗുണമേന്മ പരിശോധനയ്‌ക്ക് ശേഷമുള്ള മൂന്ന് വിദഗ്ധ പരിശോധനയാണിപ്പോൾ പുരോഗമിക്കുന്നത്.
നിർമാണം പൂർത്തിയായ വീടുകളിലെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തിയുള്ള രണ്ടുതവണത്തെ പോണ്ടിങ് ടെസ്റ്റ് ഉൾപ്പെടെയാണ് പൂർത്തിയാക്കുന്നത്. മുഴുവൻ വീടുകളുടെ മുകളിലും ഫൈബർമെഷ് വിരിച്ച് രണ്ടുതവണ സ്വിമ്മിങ്പൂൾ വാട്ടർപ്രൂഫിങ് നടത്തുന്നുണ്ട്. വാട്ടർ പ്രൂഫിങ് പൂർത്തിയാക്കി രണ്ടുമുതൽ ഏഴുവരെ സെന്റീമീറ്റർ കനത്തിൽ സ്‌ക്രീഡ് കോൺക്രീറ്റുമുണ്ട്.
കരാറുകാരായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുടെയും സർക്കാർ ഏജൻസിയായ കിഫ്‌കോണിന്റെ എൻജിനിയർമാരുടെയും നേതൃത്വത്തിലാണ് അവസാനഘട്ട പരിശോധന. അടുത്ത ദിവസങ്ങളിൽ ഗുണഭോക്താക്കളെ വിളിച്ച് എൻജിനിയർമാരുടെ സാന്നിധ്യത്തിൽ ഒടുവിലത്തെ ഗുണമേന്മ പരിശോധന നടത്തും. ഇതിന് ശേഷമാണ് വീട് കൈമാറുക.
മലിനജല സംസ്‌കരണ സംവിധാനവും സജ്ജമാണ്. ഇതിനുള്ള 10 ബയോ സ്വീവേജ് ട്രീന്റ്‌മെന്റ് പ്ലാന്റിൽ (എസ്‌ടിപി) ആദ്യഘട്ട വീടുകൾക്ക് ആവശ്യമായ ആറെണ്ണത്തിന്റെ നിർമാണമാണ് കഴിഞ്ഞത്.
പൂർത്തിയായ വീടുകളിലെ കുടിവെള്ള ടാങ്കുകളിൽ ഞായറാഴ്‌ച വെള്ളംനിറച്ചു. കെഎസ്‌ഇബി വൈദ്യുതിക്ക് പുറമെ മുഴുവൻ വീടുകളിലും രണ്ട് കിലോവാട്ടിന്റെ സോളാറുമുണ്ട്. വീടുകൾക്ക് അഞ്ചുവർഷം വാറന്റിയുണ്ട്. ജനൽ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് 20 വർഷംവരെയാണ് വാറന്റി.