കെ എഫ് സി ചരിത്രനേട്ടം കെ എൻ ബാലഗോപാൽ

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അതിന്റെ 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചിരിക്കുന്നു. മുൻ ധനകാര്യവകുപ്പ് മന്ത്രി എന്നനിലയിൽ ഏറെ അഭിമാനത്തോടെയാണ് ഇതിനെ കാണുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷന്റെ അറ്റാദായം ചരിത്രത്തിലാദ്യമായി 110.73 കോടി രൂപയായും വായ്പാ ആസ്തി (Loan Portfolio) 9,080.65 കോടി രൂപയായും ഉയർന്നു. അഞ്ചുവർഷംകൊണ്ട് വാർഷിക അറ്റാദായം 6.57 കോടി രൂപയിൽ നിന്നും  110.73 കോടി രൂപയായി വർധിച്ചു. വർധനവ് 1583.08 ശതമാനം. 

1953-ൽ രൂപീകരിക്കപ്പെട്ട കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഇപ്പോൾ സർക്കാരിനുള്ള മൊത്തം ഓഹരി നിക്ഷേപം 1000 കോടി രൂപ (99.4 %) ആണ്. ഇതിൽ 573.5 കോടി രൂപയും നിക്ഷേപിച്ചത് കഴിഞ്ഞ സർക്കാരിന്റെ (2021-26) കാലത്താണ്. 2016 മുതൽ 2021 വരെ അധികാരത്തിലിരുന്ന ഇടത് സർക്കാർ 200 കോടി രൂപയുടെ നിക്ഷേപവും നടത്തിയിരുന്നു. ഇതിൻ്റെ ഫലമായി കോർപ്പറേഷൻ്റെ അറ്റമൂല്യം (Net worth) 1,513.13 കോടി രൂപയായി വർധിക്കുകയും മൂലധന പര്യാപ്തതാ അനുപാതം (CRAR) റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുള്ളതിനും മുകളിൽ 30.70 ശതമാനത്തിലെത്തുകയും ചെയ്തിട്ടുണ്ട്.

ഈ വളർച്ചയ്ക്ക് അനുസൃതമായി, കെ.എഫ്.സിയുടെ ആകെ വായ്പാ ആസ്തി 2021-ലെ 4,621.13 കോടി രൂപയിൽ നിന്നും 9,080.65 കോടി രൂപയായും ഉയർന്നു. കെഎഫ്സിയുടെ ആസ്തി ഗുണനിലവാരസൂചികകളിലും 5 വർഷ കാലയളവിൽ ശ്രദ്ധേയമായ പുരോഗതിയാണുണ്ടായിരിക്കുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 3.27 ശതമാനത്തിൽ നിന്നും 2.32 ശതമാനമായും  അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 1.28 ശതമാനത്തിൽ നിന്നും 0.43 ശതമാനമായും കുറഞ്ഞു. കർശനമായ വായ്പാ മൂല്യനിർണ്ണയ സംവിധാനങ്ങളിലൂടെയും കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള കാര്യക്ഷമമായ നടപടികളിലൂടെയുമാണ് ഇത് സാധ്യമായത്. 

ധനകാര്യവകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളായ കെഎസ്എഫ്ഇയും കെ എഫ് സിയും വളരെ മികച്ച നിലയിലേക്ക് വളർന്ന  കാലമായിരുന്നു കഴിഞ്ഞ അഞ്ചുവർഷക്കാലം.  പൊതുമേഖലയെ സംരക്ഷിക്കുകയും ജനങ്ങൾക്ക് ആശ്വാസം പകരുകയും ചെയ്യുക എന്ന് ഇടതുപക്ഷ കാഴ്ചപ്പാടിന്റെ വിജയം കൂടിയാണിത്.

#KeralaFinancialCoporation #LeftAlternative #LDF #KNBalagopal