Press Release 18/ 05/ 2026

PRESS RELEASE 18/05/2026


*സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാരുടെ പരിശീലനം ആരംഭിച്ചു*

*സെല്‍ഫ് എന്യൂമറേഷന്‍ പ്രയോജനപ്പെടുത്തണം: ജില്ലാ കലക്ടര്‍*

സെന്‍സസ് തയാറെടുപ്പുകളുടെ ഭാഗമായി ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി.  കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. വിവരശേഖരണം സുഗമമാക്കുന്ന  സെല്‍ഫ് എന്യൂമറേഷന്‍ സംവിധാനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്  പറഞ്ഞു.  സെന്‍സസ്  അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ്തി ദിവാകരന്‍ അധ്യക്ഷയായി.

മെയ് 20 വരെയുള്ള പരിശീലനം രണ്ട് ബാച്ചുകളിലായി  നടത്തും.   ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക്  മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനം നല്‍കും. സെന്‍സസ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിനിയോഗം, വിവരശേഖരണത്തില്‍  നേരിടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകളുടെ പരിഹാരം എന്നിവയാണ് പരിശീലിപ്പിക്കുക.
(പി.ആര്‍.കെ നമ്പര്‍ 898/2026)


*വീണയ്ക്ക്  ആദരം*

ട്രെയിനില്‍ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയായ ആറ് വയസ്സുകാരിക്ക് നേരെ അതിക്രമം നടത്തിയ ആളെ പിടികൂടാന്‍ സഹായിച്ച കൊട്ടാരക്കര സ്വദേശിനി വീണയ്ക്ക്   ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആദരം. ചേമ്പറില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് വീണയെ ആദരിച്ചതിനൊപ്പം സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ചു.  ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എല്‍.രഞ്ജിനി, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 899/2026)


*ക്വട്ടേഷന്‍*

  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസിലേക്ക് ഒരു കാര്‍ (2023 നു ശേഷമുള്ള മോഡല്‍, എസി) ഡ്രൈവറുടെ സേവനം ഉള്‍പ്പടെ പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന്   ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 25 വൈകിട്ട് നാല് വരെ സ്വീകരിക്കും.  ഫോണ്‍: 0474 2798534.
(പി.ആര്‍.കെ നമ്പര്‍ 900/2026)


*ട്യൂട്ടര്‍ നിയമനം*

ചാത്തന്നൂര്‍ പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷത്തിലേക്ക് ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും യു.പി വിഭാഗത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് എല്ലാ പാഠ്യവിഷയങ്ങള്‍ക്കും ഓരോ ട്യൂട്ടര്‍ വീതവുമാണ് ഒഴിവുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ് ആണ് യോഗ്യത. ഹോണറേറിയം - 6000രൂപ. യു പി വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ടി.ടി.സി/ ഡി.എഡ്/ബി.എഡ് ആണ് യോഗ്യത. ഹോണറേറിയം - 4500 രൂപ. പ്രവൃത്തി പരിചയമുള്ളവര്‍ക്കും പട്ടികജാതിയില്‍ പെട്ടവര്‍ക്കും മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന രേഖകള്‍  സഹിതമുള്ള അപേക്ഷ  മെയ് 25 വൈകിട്ട് അഞ്ചിനകം  ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 8281319724.
(പി.ആര്‍.കെ നമ്പര്‍ 901/2026)


 *സ്വയം തൊഴില്‍ വായ്പ പദ്ധതി*

കരുനാഗപ്പളളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ പെട്ട പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-55 വയസ്.  ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ 7.5 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. വിവരങ്ങള്‍ക്ക്: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, റെയില്‍വെ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍: 0474 2764440, 9400068502.
(പി.ആര്‍.കെ നമ്പര്‍ 902/2026)


*ക്വട്ടേഷന്‍ ക്ഷണിച്ചു*
 
 കിഫ്ബി പദ്ധതിയിലൂടെ അഷ്ടമുടി കായലിന് കുറുകെ നിര്‍മിക്കുന്ന പെരുമണ്‍ പാലത്തിന്റെ സി.ആര്‍.ഇസഡ് ക്ലിയറന്‍സിനായി റാപ്പിഡ് ഇ.ഐ.എ  പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കേരള റോഡ് ഫണ്ട് ബോര്‍ഡ് കണ്‍സള്‍ട്ടന്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്യു.സി.ഐ-നാബെറ്റ് അക്രെഡിറ്റേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം.  അവസാന തീയതി:  മെയ് 30.    വിവരങ്ങള്‍ക്ക് കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (കൊല്ലം ഡിവിഷന്‍) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ, eekrfbklm@gmail.com  വിലാസത്തിലോ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 903/2026)


*ഖേലോ ഇന്ത്യ സെലക്ഷന്‍   മെയ്   20ന്*

ഖേലോ ഇന്ത്യ പദ്ധതി പ്രകാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഡേ ബോര്‍ഡിംഗ് പരിശീലന കേന്ദ്രത്തിലേക്കുള്ള സെലക്ഷന്‍ മെയ് 20ന് രാവിലെ എട്ട് മുതല്‍ നടത്തും. ആറ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മേല്‍വിലാസം, വയസ്സ്, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യം. ഫോണ്‍ : 0474 2746720.
(പി.ആര്‍.കെ നമ്പര്‍ 904/2026)