ധവളപത്രം ധനസ്ഥിതി നിജസ്ഥിതി കെ എൻ ബാലഗോപാൽ

സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ഭരണപക്ഷം ധവളപത്രം പുറത്തിറക്കിയതിനെ സ്വാഗതം ചെയ്യുന്നു. യഥാർത്ഥ കണക്കുകളാണ് ധവളപത്രത്തിൽ ഉള്ളതെങ്കിൽ അവർ തന്നെ നിരന്തരം പറയുന്ന നുണകൾ പൊളിഞ്ഞു വീഴുക തന്നെ ചെയ്യും. എന്നാൽ ഗുരുതരമായ ഒരു ക്രമപ്രശ്നം ഇവിടെ ഉണ്ടായിരിക്കുന്നു. സംസ്ഥാന ധനകാര്യ വകുപ്പിന്റെ  രഹസ്യാത്മകത ഇല്ലാതാക്കുന്ന നടപടി സംഭവിച്ചിരിക്കുന്നു . സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഭാഗമല്ലാത്ത മൂന്നുപേരാണ് ഈ ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതിനുമുമ്പ് ഇടതുപക്ഷവും യുഡിഎഫും ധവള പത്രങ്ങൾ പുറപ്പെടുവിച്ചപ്പോഴൊക്കെ അത് തയ്യാറാക്കിയത് ധനകാര്യവകുപ്പ് ഉദ്യോഗസ്ഥർ  തന്നെയാണ്.

 സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച രഹസ്യ വിവരങ്ങൾ പുറത്തുള്ള വ്യക്തികൾക്ക് നൽകാറില്ല. ധനവകുപ്പിൽ ഇത്തരം വിവരങ്ങൾ കൈകാര്യം ചെയ്യാൻ സീക്രട്ട് സെക്ഷനുകൾ ഉണ്ടാക്കിയിട്ടുള്ളത് പോലും അതുകൊണ്ടാണ്. ധനകാര്യ മന്ത്രിയും ധനകാര്യ സെക്രട്ടറിയും വിരലിലെണ്ണാവുന്ന ചില ഉദ്യോഗസ്ഥരും മാത്രം അറിയുന്ന വിവരങ്ങളാണ് സർക്കാർ സ്വകാര്യ വ്യക്തികൾക്ക് നൽകിയിരിക്കുന്നത്. ഇത് സത്യപ്രതിജ്ഞാ ലംഘനവുമാണ്. 

ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുക്കാതെ പുറത്തുള്ള ആളുകളെ കൊണ്ട് തയ്യാറാക്കിയ ഈ രേഖയുടെ ആധികാരികതയും സ്വാഭാവികമായും സംശയനിഴലിൽ വരും. പ്രശ്നം അതീവ ഗൗരവത്തോടെ നിയമസഭ ചർച്ച ചെയ്യണം. 

എന്നാൽ, ധവളപത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും ഉചിതമായ മറുപടി എൽഡിഎഫ് നൽകും.