കൊല്ലം: വയനാട്ടിൽ അരങ്ങേറിയ സംസ്ഥാന ഇന്റർ പോളി നാടകോത്സവത്തിൽ ഇരട്ട വിജയത്തിന്റെ തിളക്കവുമായി കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ്. മത്സരത്തിൽ പങ്കെടുത്ത മലയാളം, ഇംഗ്ളീഷ് നാടകങ്ങൾക്ക് ഒരേപോലെ 'എ' ഗ്രേഡ് സ്വന്തമാക്കിയാണ് പോളിയിലെ പ്രതിഭകൾ കാമ്പസിലേക്ക് പെരുമയേറ്റിയത്. സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളേജുകളിൽ നിന്നുള്ള ശക്തരായ ടീമുകൾ മാറ്റുരച്ച വേദിയിലാണ് കാെല്ലത്തിന്റെ പ്രതിഭകളുടെ ഉജ്ജ്വലനേട്ടം.
പച്ചത്തീയാട്ട്- പെൺകരുത്തിന്റെ പ്രതീകം
മലയാള നാടക വിഭാഗത്തിൽ കൊട്ടിയം പോളിടെക്നിക് വിജയപീഠത്തിലെത്തിച്ച 'പച്ചത്തീയാട്ട്' എന്ന നാടകം പ്രമേയത്തിന്റെ കരുത്തുകൊണ്ടും അവതരണ മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. കാലാകാലങ്ങളായി സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കും, അധിക്ഷേപങ്ങൾക്കും, ചൂഷണങ്ങൾക്കുമെതിരെ യുവത്വത്തിന്റെ ശക്തമായ പ്രതിഷേധവും പ്രതിനിധാനവുമായിരുന്നു ഈ നാടകം. സിനിമ- നാടക നടനായ അജീഷ് കൃഷ്ണയാണ് നാടകം പരിശീലിപ്പിച്ചത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാടക ഗവേഷക ദിവ്യാ ദേവകിയുടേതാണ് രചന.സാമൂഹിക പ്രസക്തിയുള്ള വിഷയം വിദ്യാർത്ഥികൾ തന്മയത്വത്തോടെ അരങ്ങിലെത്തിച്ചപ്പോൾ അത് നാടകോത്സവത്തിലെ മികച്ച അനുഭവങ്ങളിലൊന്നായി മാറി. മലയാളത്തിന് പുറമെ ഇംഗ്ളീഷ് നാടക വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് 'എ' ഗ്രേഡ് സ്വന്തമാക്കിയത്.
" അടിച്ചമർത്തലുകളുടെയും അധിക്ഷേപങ്ങളുടെയും ഭൂതകാലത്തെ വിചാരണ ചെയ്യുന്ന നാടകം, വരുംകാലങ്ങളിൽ പെൺകരുത്ത് പൂത്തുലയുന്ന ഒരു പുതിയ പുലരിക്കായുള്ള പ്രതീക്ഷാ നിർഭരമായ കാത്തിരിപ്പുകൂടിയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്."- നാടകാസ്വാദകർ
" കൊട്ടിയം പോളി ടെക്നിക് പാഠ്യ- പാഠ്യേതര മേഖലകളിൽ മികവുകാട്ടി സംസ്ഥാന തലത്തിൽ ശ്രദ്ധനേടിയെടുത്തുകഴിഞ്ഞു. നാടകത്തിലെ നേട്ടം കൂടുതൽ അഭിമാനമാണ്."- വി.സന്ദീപ്, പ്രിൻസിപ്പൽ
Follow on channel
Varthamalayalam
Facebook / Instagram / website
വാർത്തകൾക്കും പരസ്യത്തിനും
8606618861