ദിനപത്രങ്ങളുടെ വായന കുട്ടികൾ ശീലമാക്കണമെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ

കൊല്ലം: ദിനപത്രങ്ങളുടെ വായന കുട്ടികൾ ശീലമാക്കണമെന്ന് കെ.എൻ.ബാലഗോപാൽ എം.എൽ.എ പ്രസ്താവിച്ചു. കൊട്ടാരക്കര ഗവ.ടൗൺ യു.പി സ്കൂളിൽ  കൊട്ടാരക്കര റോട്ടറി ക്ളബ്ബിന്റെ നേതൃത്വത്തിലുള്ള 'എന്റെ കൗമുദി' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലമാണിത്. സംഭവിക്കാത്തത് പലതും ഒർജിനൽ പോലെ സൃഷ്ടിക്കപ്പെടുന്നുണ്ട്. വാ‌ർത്തകളും മറ്റും ആ നിലയിലും നമ്മുടെ മുന്നിലേക്ക് എത്തുന്നു. സോഷ്യൽ മീഡിയകളാണ് ഇവ കൂടുതൽ പ്രചരിപ്പിക്കുന്നത്. എന്നാൽ ദിന പത്രങ്ങൾക്ക് സമൂഹത്തോടെ ചില ഉത്തരവാദിത്തങ്ങളുണ്ട്. അടിസ്ഥാനപരമായ ഉറപ്പുള്ള വാർത്തകൾ മാത്രമാണ് പ്രസിദ്ധീകരിക്കുക. പത്രങ്ങളുടെ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ രചനാ രീതിയിൽ ചില മാറ്റങ്ങളുണ്ടാകാമെങ്കിലും ആധികാരികതയുള്ള ശരിയായ വിവരങ്ങളാണ് പ്രസിദ്ധീകരിക്കുക. അതുകൊണ്ടുതന്നെ വിശ്വസനീയമായ അറിവ് ലഭിക്കാൻ പത്രവായന അനിവാര്യവുമാണ്./പാഠപുസ്തകങ്ങളിലൂടെ ലഭിക്കുന്നതും പ്രധാന അറിവുകളാണ്. എന്നാൽ വർത്തമാനകാല സംഭവങ്ങളെ അതിൽ ഉൾപ്പെടുത്താൻ കഴിയുന്നില്ല. കുട്ടിക്കാലത്തുതന്നെ പതിവായി പത്രം വായിച്ചിരുന്നവരാണ് സിവിൽ സർവീസ് രംഗത്ത് മികച്ച റാങ്കുകൾ നേടിയവരെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. റോട്ടറി ക്ളബ്ബ് പ്രസിഡന്റ് ആയുഷ്.ജെ.പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, കൗൺസിലർ എസ്.ആർ.രമേശ്, സീനിയർ റൊട്ടേറിയൻ ആർ.ശിവകുമാർ, റോട്ടറി ക്ളബ്ബ് സെക്രട്ടറി എസ്.അശ്വിനികുമാർ, കേരള കൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ, എസ്.എം.സി ചെയർമാൻ എസ്.ഗോപകുമാർ, അദ്ധ്യാപിക ആർ.വത്സല എന്നിവർ സംസാരിച്ചു. റോട്ടറി ക്ളബ്ബിനുവേണ്ടി സീനിയർ റൊട്ടേറിയനും ഹോട്ടൽ കൺസൾട്ടന്റുമായ ആർ.ശിവകുമാറാണ് 10 കേരള കൗമുദി പത്രങ്ങൾ സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്.