വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു.

🟥 Vartha Malayalam | വാർത്ത

വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. താലൂക്ക് ആശുപത്രിയിൽ വൻ ജനാവലി

വിയറ്റ്നാമിൽ നടന്ന ദാരുണമായ ബോട്ട് അപകടത്തിൽ മരണപ്പെട്ട കൊട്ടാരക്കര സ്വദേശികളായ ചെറിയാൻ തോമസിന്റെയും ഭാര്യ ലൗലി തോമസിന്റെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം രാവിലെ ഏകദേശം 11:30 ഓടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി പരിസരത്ത് വൻ ജനാവലിയാണ് അനുഭവപ്പെട്ടത്. ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ, വിക്ടറി ഗ്രൂപ്പിലെ ജീവനക്കാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നു.

സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി വിവിധ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരും താലൂക്ക് ആശുപത്രിയിൽ സന്നിഹിതരായിരുന്നു.

ആദരാഞ്ജലി അർപ്പിക്കാൻ എത്തിയവരിൽ കൊട്ടാരക്കര എം.എൽ.എ. കെ. എൻ. ബാലഗോപാൽ, ഐഷാ പോറ്റി, കൊടിക്കുന്നിൽ സുരേഷ് എം.പി., നെൽസൺ തോമസ്, എസ്. ആർ. രമേഷ് എന്നിവരടക്കമുള്ള രാഷ്ട്രീയ-പൊതുരംഗത്തെ നിരവധി പ്രമുഖരും ഉണ്ടായിരുന്നു.

നിലവിൽ മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ മൃതദേഹങ്ങൾ കുടുംബവീട്ടിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം പൊതുജനങ്ങൾക്കും സുഹൃത്തുകൾക്കും ജീവനക്കാർക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി കൊട്ടാരക്കര YMCA ഹാളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് സംസ്കാരച്ചടങ്ങുകൾ നടക്കും.

വിദേശത്ത് ഉണ്ടായ ഈ ദുരന്തത്തിൽ കൊട്ടാരക്കരയ്ക്ക് നഷ്ടമായത് സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന വിക്ടറി ഗ്രൂപ്പിന്റെ ഉടമ ചെറിയാൻ തോമസിനെയും ഭാര്യ ലൗലി തോമസിനെയും ആണ്. ഇവരുടെ വിയോഗം നാടൊട്ടാകെ വലിയ ദുഃഖമായി മാറിയിരിക്കുകയാണ്.