കൊട്ടാരക്കരയിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന:
പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു; 5 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ്
കൊട്ടാരക്കര: പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൊട്ടാരക്കര നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭക്ഷണശാലകളിലും സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി. രാവിലെ 7.00 മണി മുതൽ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ആരംഭിച്ച പരിശോധനയിൽ 10 സ്ഥാപനങ്ങൾ പരിശോധിക്കുകയും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ 5 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകുകയും ചെയ്തു.
പരിശോധനയിൽ ബേക്കറികളുടെയും ഹോട്ടലുകളുടെയും മറവിൽ വിൽക്കാൻ വെച്ച പഴകിയ ചിക്കൻ കറി, ചിക്കൻ ഫ്രൈ, തുറന്നുവെച്ച നിലയിൽ പുഴുക്കളും ഈച്ചയും അരിച്ച പൊറോട്ട മാവ്, ചപ്പാത്തി മാവ്, ഉപയോഗശൂന്യമായ എണ്ണ, കാലാവധി കഴിഞ്ഞ എസ്സൻസുകൾ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. കൂടാതെ സ്ഥാപനങ്ങളിൽ ETP പ്ലാന്റ് പ്രവർത്തിപ്പിക്കാതിരിക്കൽ, പരിസര മലിനീകരണവും രൂക്ഷമായ ദുർഗന്ധവും, വാട്ടർ ടെസ്റ്റിംഗ് നടത്താതെ ഉപയോഗിച്ച മലിനജലം പൊതു ജലാശയങ്ങളിലേക്ക് ഒഴുക്കിവിടൽ, സ്ഥാപനങ്ങളിൽ ലൈസൻസ് ഇല്ലാതിരിക്കൽ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്ത അവസ്ഥ തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ക്ലീൻ സിറ്റി മാനേജരുടെ നിർദ്ദേശപ്രകാരം നടന്ന സ്ക്വാഡ് പ്രവർത്തനങ്ങളിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാനു P.S, ഷെറിൻ S, അനി P എന്നിവർ പങ്കെടുത്തു.
തൃപ്തികരമായി പ്രവർത്തിച്ച സ്ഥാപനങ്ങളെ അഭിനന്ദിച്ച ഉദ്യോഗസ്ഥർ, ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 5 സ്ഥാപനങ്ങൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ കർശനമായി തുടരുമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ ശ്രീമതി. അനിത ഗോപകുമാർ അറിയിച്ചു.