സംസ്ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കൊട്ടാരക്കരയിൽ തുടക്കം

കൊട്ടാരക്കര മുനിസിപ്പാലിറ്റിയും ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷനും പയനിയർ സ്പോർട്സ് ക്ലബ്ബും ചേർന്ന്‌ സംഘടിപ്പിക്കുന്ന 72-–ാമത്‌  സീനിയർ പുരുഷ, വനിതാ സംസ്ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കൊട്ടാരക്കരയിൽ തുടക്കമായി. തൃക്കണ്ണമംഗൽ കാർമൽ റെസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൻ അനിത ഗോപകുമാർ അധ്യക്ഷയായി.സംസ്ഥാന ബോൾ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ടി കെ ഹെൻട്രി, ചെയർമാൻ കെ ബാബു ജോസഫ്, പയനിയർ സ്പോർട്സ് ക്ലബ്ബ് ചെയർമാൻ എസ് ആർ രമേശ്, പ്രസിഡന്റ് എം സുരേഷ്, സംഘാടക സമിതി സെക്രട്ടറി എസ് ഗോപകുമാർ, മുൻസിപ്പൽ സ്ഥിരം സമിതി അധ്യക്ഷരായ ഡി രാമകൃഷ്ണ പിള്ള, സരോജ കാർത്തികേയൻ, കൗൺസിലർമാരായ കെ ജി അലക്സ്, തോമസ് പി മാത്യു, എൽ മിനി, പ്രസന്ന ശ്രീഭദ്ര, കെ ജി റോയി, ജെയ്സി ജോൺ, സംഘാടക സമിതി രക്ഷാധികാരിമാരായ സി മുകേഷ്, കെ പ്രഭാകരൻ നായർ, കാർമൽ സ്കൂൾ മാനേജർ എസ് ചന്ദ്രകുമാർ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കിഷോർ കുമാർ, ട്രഷറർ സുധാകരൻ, ജില്ലാ പ്രസിഡന്റ് എസ് അനിൽ കുമാർ, സെക്രട്ടറി എം മുബാഷ്, സുനിൽ ഭാഗ്യ, റെജിമോൻ വർഗീസ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി തൃക്കണ്ണമംഗൽ എസ് കെ വി സ്കൂൾ ജങ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര സമ്മേളന വേദിയിൽ സമാപിച്ചു. വിവിധ വാദ്യമേളങ്ങൾ,നാടൻ കലാരൂപങ്ങൾ, കായിക താരങ്ങൾ, 14 ജില്ലകളിൽ നിന്നുള്ള ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കാർമൽ സ്കൂളിലെ അഞ്ച്‌ കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 14 ജില്ലകളിൽ നിന്നായി 24 ടീമും 280 കളിക്കാരും പങ്കെടുക്കും. ഞായർ പകൽ മൂന്നിന് കൊടിക്കുന്നിൽ സുരേഷ് എംപി സമ്മാനം വിതരണംചെയ്യും.​