കെ എസ് ആർ ടി സി ബജറ്റ് ടൂറിസം .
യാത്രാപ്രേമികൾക്കായി ലക്ഷദ്വീപിലേക്ക് പുതിയ ടൂർ പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കൊച്ചിയിൽ നിന്ന് ആരംഭിച്ച് ലക്ഷദ്വീപിലെ പ്രധാന ആകർഷണങ്ങളായ അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. സാധാരണക്കാരുടെ സാമ്പത്തിക ശേഷിയിൽ ഒതുങ്ങുന്ന രീതിയിൽ മൂന്ന് രാത്രിയും നാല് പകലുകളും നീണ്ടുനിൽക്കുന്ന വിപുലമായ യാത്രാ ക്രമമാണ് തയാറാക്കിയിരിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
യാത്രികർക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് രണ്ട് തരത്തിലുള്ള താമസ സൗകര്യങ്ങൾ തെരഞ്ഞെടുക്കാം. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഹോം സ്റ്റേ പാക്കേജ് ഒരുക്കിയിട്ടുണ്ട്.ദ്വീപുവാസികളുടെ തനത് സംസ്കാരവും ജീവിതരീതിയും അടുത്തറിയാൻ ഇത് സഹായകമാകും. മികച്ച റിസോർട്ടുകളിൽ താമസിക്കാൻ താല്പര്യമുള്ളവർക്കായി റിസോർട്ട് പാക്കേജുമുണ്ട്. ഇതിലൂടെ കൂടുതൽ സ്വകാര്യതയും ബീച്ചിലേക്ക് നേരിട്ട് പ്രവേശനവും ലഭിക്കും.കൊച്ചിയിൽ നിന്ന് വിമാനമാർഗം അഗത്തി എയർപോർട്ടിൽ എത്തുന്നതാണ് ആദ്യ ദിവസത്തെ പ്രധാന പരിപാടി. തുടർന്ന് ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി എന്നിവിടങ്ങൾ സന്ദർശിക്കും. വൈകുന്നേരം അന്ധൻ ബീച്ചിലെ സൂര്യാസ്തമയ കാഴ്ചയോടെ ആദ്യ ദിവസം അവസാനിക്കും. സ്നോർക്കെലിങ്, നീന്തൽ, ഡോൾഫിൻ വാച്ച്, ഡീപ് സീ ബോട്ട് സഫാരി തുടങ്ങിയ സാഹസിക വിനോദങ്ങൾക്കാണ് രണ്ടാം ദിവസം മാറ്റിവെച്ചിരിക്കുന്നത്. മൂന്നാം ദിവസം ഗ്ലാസ് ബോട്ട് യാത്ര, കടലാമകളെ കാണൽ, കയാക്കിങ് എന്നിവയ്ക്ക് ശേഷം പ്രൈവറ്റ് ബോട്ടിൽ കൽപ്പിട്ടി ദ്വീപിലേക്ക് യാത്ര തിരിക്കും. നാലാം ദിവസം ലക്ഷദ്വീപിന്റെ തനത് പലഹാരങ്ങളും അച്ചാറുകളും വാങ്ങാൻ സമയം നൽകിയ ശേഷം കൊച്ചിയിലേക്ക് മടങ്ങും.യാത്ര തിരിക്കുന്നതിന് 17 ദിവസം മുൻപ് എങ്കിലും യാത്രക്കാരുടെ വിവരങ്ങളും പെർമിറ്റിനായുള്ള രേഖകളും നൽകണം. സീറ്റുകൾ ഉറപ്പിക്കുന്നതിനായി ബുക്കിങ് ദിവസം തന്നെ പാക്കേജിന്റെ മുഴുവൻ തുകയും അടയ്ക്കണം. രണ്ട് വയസ്സ് മുതലുള്ള കുട്ടികൾക്കും പൂർണ വിമാന ടിക്കറ്റ് നിരക്ക് ബാധകമായിരിക്കും. യാത്രാ പാക്കേജിൽ ലക്ഷദ്വീപ് എൻട്രി പെർമിറ്റ്, വിമാനത്താവളത്തിൽ നിന്നുള്ള യാത്ര, താമസം, ഭക്ഷണം, കാഴ്ചകൾ കാണൽ, ഗ്ലാസ് ബോട്ട് യാത്ര, സ്നോർക്കെലിങ്, കയാക്കിങ്, ഡോൾഫിൻ വാച്ച്, സൗജന്യ വൈഫൈ, ഇൻഷുറൻസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂബ ഡൈവിങ് ചെയ്യാൻ ഒരാൾക്ക് 4000 രൂപയും പാരാസെയിലിങ്ങിന് 3500 രൂപയും അധികമായി നൽകണം.കാലാവസ്ഥാ വ്യതിയാനങ്ങളും കടൽക്ഷോഭവും യാത്രാക്രമങ്ങളെ പെട്ടെന്ന് ബാധിച്ചേക്കാമെന്നതിനാൽ സുരക്ഷ മുൻനിർത്തി ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബജറ്റ് ടൂറിസം സെൽ അധികൃതർ അറിയിച്ചു. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കൈവശം കരുതണം. മാംസാഹാരം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ബുക്കിങ് സമയത്ത് തന്നെ മുൻകൂട്ടി അറിയിക്കണം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി അടുത്തുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കൗണ്ടറുകളുമായി ബന്ധപ്പെടാവുന്നതാണ്.